ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും ഒരിക്കലും മറക്കാത്ത ഒരു ലോകകപ്പ്. ബ്രസീലിന് അത് അപമാനത്തിന്റെ ചരിത്രമാണെങ്കിൽ, അർജന്റീനക്ക് അതൊരു തീരാവേദനയാണ്. സുനീഗയുടെ കുത്തേറ്റ് പൊളഞ്ഞ നെയ്മറെയും, തലകുനിച്ച് മാരക്കാനയുടെ പടിയിറങ്ങിപ്പോയ ലയണൽ മെസ്സിയെയും എങ്ങനെ മറക്കാൻ. പറഞ്ഞുവരുന്നത് 2014 ലോകകപ്പിനെ കുറിച്ചാണ്.
കേരളത്തിൽ അന്ന് ജൂൺ മാസത്തിലെ കാലവർഷം തിമിർത്ത് പെയ്യുകയായിരുന്നു. മലബാറിൽ ആണെങ്കിൽ ഒരു നോമ്പുകാലവും, നമ്മുടെ കൈകളിലേക്ക് ആൻഡ്രോയിഡ് ഫോണുകൾ വിപ്ലവം പോലെ കടന്നുവന്ന സമയം. വാട്ട്സ്ആപ്പും ഫേസ്ബുക്കും എല്ലാം സജീവമായ ശേഷമുള്ള ആദ്യത്തെ ലോകകപ്പ് കൂടിയായിരുന്നു ഇത് ഫാൻ ഫൈറ്റിന്റെ പുതിയ തലങ്ങൾ തുറന്ന ഒരു കാലം.
ഫുട്ബോൾ ലോകം അന്ന് രണ്ടുപേർ പങ്കിട്ടെടുക്കുന്ന കാലമാണ്. ലയണൽ ആന്ദ്രേസ് മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും ഇരുവരും തങ്ങളുടെ കരിയറിന്റെ പീക്കിൽ ഇരിക്കുന്ന കാലം. അവർക്കിടയിലേക്ക് സാംബ ഫുട്ബോളിന്റെ പ്രതാപവുമായി ഒരു 22 കാരൻ കൂടി അണിനിരന്നു നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ. 2014 ബ്രസീലിയൻ ലോകകപ്പിനെ ഒന്ന് ഓർത്തെടുക്കാം.
ഗ്രൂപ്പ് ഘട്ടം: തകർന്ന സാമ്രാജ്യങ്ങൾ
2014 ലോകകപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനും റണ്ണേഴ്സ് അപ്പായ നെതർലൻഡ്സും തമ്മിൽ. വലിയ ഹൈപ്പ് ഉണ്ടായിരുന്ന ആ മത്സരം 2010ൽ ആൻഡ്രേസ് ഇനിയസ്റ്റയുടെ ഗോളിൽ നഷ്ടമായ ലോകകപ്പിന്റെ കണക്ക് വീട്ടാൻ ഉറച്ചാണ് നെതർലൻഡ്സ് വന്നത്. മത്സരത്തിന്റെ 27-ആം മിനിറ്റിൽ സാബി അലോൻസോ വഴി സ്പെയിൻ മുന്നിലെത്തി. പക്ഷേ അധികം വൈകാതെ ഡച്ചുകാരുടെ മറുപടി വന്നു സാൽവദോറിലെ സ്റ്റേഡിയത്തിൽ, ഒരു ഡോൾഫിനെ പോലെ പറന്ന്, സ്പാനിഷ് കീപ്പർ കാസിയസിന്റെ തലക്ക് മുകളിലൂടെ റോബിൻ വാൻ പേഴ്സി തൊടുത്ത ആ വിഖ്യാതമായ ഹെഡറിൽ നെതർലൻഡ്സ് സമനിലപിടിച്ചു. ഒരു ക്ലോസ് ഫൈറ്റ് പ്രതീക്ഷിച്ചവർക്ക് മുന്നിൽ പിന്നീട് നെതർലൻഡ്സ് ആളിക്കത്തി. ടിക്കി-ടാക്കയെ അവർ വലിച്ചുചിന്തി. ഫുട്ബോൾ ലോകം അമ്പരപ്പോടെ അത് നോക്കിനിന്നു. ഒടുവിൽ അന്തിമ സ്കോർ: 5–1. ടിക്കി-ടാക്ക കൊണ്ട് ലോക ഫുട്ബോളിനെ ഭരിച്ച സ്പാനിഷുകാരുടെ ഒരു യുഗാന്ത്യം കൂടിയാണ് അവിടെ സംഭവിച്ചത്.
സ്പെയിൻ മാത്രമല്ല, പല യൂറോപ്യൻ വമ്പന്മാരും ആദ്യമേ മടങ്ങിയ ലോകകപ്പായിരുന്നു ഇത്. ഗ്രൂപ്പ് ജിയിൽ ജർമനി, യുഎസ്, ഘാന എന്നിവർക്കൊപ്പം ഇറങ്ങിയ പോർച്ചുഗലിനെ ആദ്യമേ ജർമനി തകർത്തു. ഗ്രൂപ്പിൽ യുഎസ്സിനും പോർച്ചുഗലിനും നാലു പോയിന്റ് വീതം; പക്ഷേ ഗോൾ ശരാശരിയുടെ ബലത്തിൽ യുഎസ് പ്രീ-ക്വാർട്ടറിലേക്ക്. അതോടെ വലിയ താരതിളക്കത്തിൽ വന്ന ക്രിസ്ത്യാനോയുടെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു.
അതിലേറെ കൗതുകം ഗ്രൂപ്പ് ഡി ആയിരുന്നു. മൂന്ന് മുൻ ലോകചാമ്പ്യന്മാർ ഒരേ ഗ്രൂപ്പിൽ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ്. ഇവർക്കൊപ്പം കോസ്റ്ററീക്കയും. ഇറ്റലിയും ഇംഗ്ലണ്ടും ഗ്രൂപ്പ് ഘട്ടം അനായാസം കടക്കുമെന്നായിരുന്നു പ്രവചനങ്ങളെല്ലാം. പക്ഷേ കോസ്റ്ററീക്കയും ഉറുഗ്വായും സകല പ്രവചനങ്ങളെയും ചവറ്റുകൊട്ടയിലിട്ടു; ഇംഗ്ലണ്ടിനും ഇറ്റലിക്കും കണ്ണീർ മടക്കം. അതിനിടയിൽ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഇറ്റാലിയൻ ഡിഫൻഡർ കെല്ലീനിയെ സുവാരസ് കടിച്ചതും വലിയ വാർത്തയായി.
മെസ്സിയും നെയ്മറും: ഒരേ ടൂർണമെന്റ്, രണ്ട് ദുരന്തങ്ങൾ
2010ൽ കണ്ട മെസ്സിയല്ലായിരുന്നു 2014ൽ. ആ മഹാമാന്ത്രികൻ ബ്രസീലിയൻ പുല്ലിൽ നൃത്തമാടി തുടങ്ങി. ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ ഗോൾ നേടി സൂചന നൽകി. പിന്നാലെ ഇറാനെതിരായ മത്സരത്തിൽ അർജന്റീനക്ക് മുന്നിൽ ഇറാൻ ബസ് പാർക്കിങ് നടത്തി നിന്നു. സകല പണിയും പുറത്തെടുത്തിട്ടും ഇറാൻ പ്രതിരോധം ഒരു തെല്ലും കുലുങ്ങുന്നില്ല. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നു, അർജന്റീന ആരാധകരുടെ നെഞ്ചിടിക്കുന്ന നേരത്ത്, ഒരു ഇടങ്കാലിൽ നിന്ന് ഒരു കൊള്ളിയാൻ മിന്നൽ ഇറാൻ വലയ്ക്കകത്തേക്ക് പാഞ്ഞുകയറി. ഇറാൻ ഗോൾകീപ്പർ അലി റസ തല ഉയർത്താനാകാതെ നോക്കിനിന്നു. ലയണൽ ആന്ദ്രേസ് മെസ്സി വെൽ ആൻഡ് ട്രൂലി അറൈവ്ഡ്. പിന്നാലെ നൈജീരിയക്കെതിരെ ഇരട്ടഗോളും നേടി മെസ്സി ഗ്രൂപ്പ് സ്റ്റേജിൽ തിളങ്ങി.
അപ്പുറത്ത് ബ്രസീലിനായി നെയ്മറും ആളിക്കത്തുകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഇരട്ടഗോളുകളുമായി മാസ് എൻട്രി. പിന്നാലെ കാമറൂണിനെതിരെയും ഇരട്ടഗോൾ. ബ്രസീൽ ആരാധകർ നെയ്മറെ ആഘോഷമായി ഏറ്റെടുത്തു. പക്ഷേ മുന്നോട്ടുള്ള പാതകളിൽ തങ്ങളെ വലിയ അപകടങ്ങൾ കാത്തിരിക്കുന്നുവെന്ന് അവർ അറിഞ്ഞതേ ഇല്ല.
പ്രീ-ക്വാർട്ടറിൽ അയൽക്കാരായ ചിലിക്കെതിരെ ബ്രസീൽ നടത്തിയത് കനത്ത പോരാട്ടം. ഒടുക്കം ശ്വാസമടക്കിപ്പിടിക്കുന്ന പെനൽറ്റി ഷൂട്ടൗട്ടിലൂടെ ബ്രസീൽ ക്വാർട്ടർ ഫൈനൽ കടമ്പ കടന്നു. ക്വാർട്ടറിൽ മുന്നിലെത്തിയത് ഒരു ലാറ്റിൻ അമേരിക്കൻ സ്വപ്നം ജെയിംസ് റോഡ്രിഗ്സ് എന്ന ആ ടൂർണമെന്റിന്റെ വണ്ടർ ബോയ്. പ്രീ-ക്വാർട്ടറിൽ ഉറുഗ്വായ്ക്കെതിരെ റോഡ്രിഗ്സ് എടുത്ത ആ വോളി — ഒരു ചാട്ടുളി പോലെ ഉറുഗ്വായ് വല പിളർക്കുമ്പോൾ കമന്ററ്റേറ്റർമാർ പോലും അലറിവിളിച്ചു.
ക്വാർട്ടറിൽ കൊളംബിയൻ വെല്ലുവിളി കടന്നെങ്കിലും ആ രാത്രി ബ്രസീലിന് ഉണങ്ങാത്ത ഒരു മുറിവ് ഏൽക്കുകയായിരുന്നു. മത്സരത്തിന്റെ 88-ആം മിനിറ്റ്. ആകാശത്ത് നിന്ന് വന്ന ഒരു പന്ത് നിയന്ത്രിക്കാൻ നെയ്മർ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. ആ സമയത്ത് കൊളംബിയൻ ഡിഫൻഡർ കാമിലോ സുനീഗ കാൽമുട്ട് കയറ്റി. ആ നിമിഷം വേദനയാൽ നെയ്മറിന്റെ ശരീരം വില്ലുപോലെ വളഞ്ഞുപോയി; മൈതാനം നിശ്ശബ്ദമായി. ബ്രസീൽ ടീം റിയോ ഡി ജനൈറോയിലേക്ക് മടങ്ങുമ്പോൾ ഹെലികോപ്റ്ററിൽ സ്ട്രക്ചറിൽ കിടത്തിയാണ് നെയ്മറെ കൊണ്ടുപോയത്. ആ ദൃശ്യങ്ങൾ ടിവിയിൽ കണ്ട ബ്രസീൽ ജനത തെരുവുകളിൽ പ്രാർഥനകൾ തുടങ്ങി; സുനീഗക്ക് ലോകമെമ്പാടും ഒരു വില്ലന്റെ മുഖം കിട്ടി.
ഒടുക്കം മെഡിക്കൽ റിപ്പോർട്ടിൽ നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് തെളിഞ്ഞു. ചികിത്സക്കിടെ ഡോക്ടർ പറഞ്ഞതിങ്ങനെ: "നിനക്ക് രണ്ട് വാർത്തകൾ തരാനുണ്ട് ഒന്ന് നല്ലത്, ഒന്ന് ചീത്തത്. ചീത്ത വാർത്ത: നിന്റെ ലോകകപ്പ് ഇതോടെ അവസാനിച്ചിരിക്കുന്നു. നല്ല വാർത്ത: ആ ഇടി ഒരൊറ്റ സെന്റിമീറ്റർ കൂടി മുകളിലേക്ക് മാറിയിരുന്നെങ്കിൽ, ഒരുപക്ഷേ നിനക്ക് ഒരിക്കലും നടക്കാൻ പോലും ആകില്ലായിരുന്നു." അതിനിടെ "നെയ്മർ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക്" എന്നൊരു അഭ്യൂഹം കേരളത്തിലെ സോഷ്യൽ മീഡിയയും മുഖ്യധാരാ മീഡിയകളും ഒരേപോലെ ഏറ്റെടുത്തു ഇന്നോർക്കുമ്പോൾ ചിരിവരുന്ന ഒരു നിമിഷം.
മിനൈറോ ദുരന്തം: ഫുട്ബോൾ ചരിത്രത്തിലെ ആറ് മിനിറ്റ്
സെമിഫൈനലിൽ ബ്രസീലിന് ഏറ്റുമുട്ടേണ്ടി വന്നത് കരുത്തരായ ജർമനിയെ. നെയ്മർ ഇല്ലാത്തതിനൊപ്പം രണ്ട് മഞ്ഞക്കാർഡ് കാരണം തിയാഗോ സിൽവക്കും പുറത്തിരിക്കേണ്ടി വന്നു. എങ്കിലും ബ്രസീലിന് ആത്മവിശ്വാസത്തിന് കുറവൊന്നുമില്ലായിരുന്നു; കളി നാട്ടിൽ നടക്കുന്നതിന്റെ മേൽക്കൈ വേറെയുമുണ്ട്. വമ്പൻ ഹൈപ്പിൽ സെമിക്കായി വിസിൽ മുഴങ്ങി.
കേരളവും കൺചിമ്മാതെ അത് നോക്കിനിന്നു. അവർക്ക് മുന്നിൽ ലോക ഫുട്ബോളിലെ ഏറ്റവും മഹത്തായ സാമ്രാജ്യങ്ങളിൽ ഒന്ന് തകർന്നുവീഴുകയാണ്. സ്വന്തം ടീമിന്റെ ശവസംസ്കാര ചടങ്ങുകൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ബ്രസീൽ പതാകയുമായി മൈതാനത്തെത്തിയ പതിനായിരക്കണക്കിന് മഞ്ഞക്കുപ്പായക്കാർ നിനച്ചതേ ഇല്ല.
ആത്മാവ് നഷ്ടപ്പെട്ട ഒരുകൂട്ടം കളിക്കാരാണ് ആ ദിവസം ബ്രസീൽ കുപ്പായമിട്ട് മൈതാനത്തേക്ക് നടന്നുപോയത്. മറുഭാഗത്തോ: ദയയും ദാക്ഷിണ്യവുമില്ലാത്ത ഒരു കൊലയാളി സംഘം. ഫിലിപ്പ് ലാം, തോമസ് മ്യൂളർ, ടോണി ക്രൂസ്, മാരിയോ ഗോഡ്സെ, മാനുവൽ നോയർ.
കളി തുടങ്ങിയ 11-ആം മിനിറ്റിൽ തന്നെ ബ്രസീലിന്റെ ആദ്യ ചോര വീണു: തോമസ് മ്യൂളർ ബ്രസീലിന്റെ വല കുലുക്കി. സ്റ്റേഡിയം ഒന്ന് ഞെട്ടിമറിഞ്ഞു. പക്ഷേ അത് വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ആ സ്റ്റേഡിയം കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ആറ് മിനിറ്റുകളാണ്. 21-ആം മിനിറ്റ് മുതൽ 29-ആം മിനിറ്റ് വരെ കേവലം 360 സെക്കൻഡുകൾക്കുള്ളിൽ നാലുതവണ ജർമനി ബ്രസീൽ വലയിലേക്ക് ബോംബുകൾ വർഷിച്ചു. ശ്വാസമെടുക്കാൻ പോലും അനുവദിക്കാതെ ഇരയെ വേട്ടയാടുന്ന മൃഗങ്ങളെ പോലെ അവർ ബ്രസീലിനെ കൊന്നൊടുക്കി.
ആ സ്കോർബോർഡ് വിശ്വസിക്കാനാകാതെ ലോകം തരിച്ചുനിന്നു 7–1. ബ്രസീൽ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നാണക്കേടും ഭയാനകവുമായ രാത്രി. ലോകമെമ്പാടുമുള്ള ക്യാമറക്കണ്ണുകൾ ഗ്യാലറിയിലേക്ക് നീണ്ടു. പ്ലാസ്റ്റിക് ലോകകപ്പ് കെട്ടിപ്പിടിച്ച് കരയുന്ന ആ വൃദ്ധൻ ആ ദുരന്തത്തിന്റെ ചിരന്തന സ്മാരകമായി ഇന്നും നിലനിൽക്കുന്നു. സ്വന്തം ടീം തകർന്നടിയുന്നത് കണ്ട് നിസ്സഹായരായ കുരുന്നുകൾ, മുഖം പൊത്തി നിലവിളിക്കുന്ന അമ്മമാർ അതൊരു തോൽവിയായിരുന്നില്ല; ഫുട്ബോൾ കൊണ്ട് എല്ലാം കെട്ടിപ്പടുത്ത ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഏറ്റ മുറിവായിരുന്നു. പിന്നീടൊരിക്കലും ബ്രസീൽ, പഴയ ബ്രസീൽ ആയിട്ടില്ല.
മെസ്സിയുടെ ഫൈനൽ: കിരീടമില്ലാത്ത രാജാവ്
മറുവശത്ത്, ബ്രസീലിനേക്കാൾ കടുത്ത എതിരാളികളാണ് ആൽബിസെലെസ്തേക്ക് കാത്തിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഗ്നിപരീക്ഷകൾ കടന്നെത്തിയ ലയണൽ മെസ്സിയുടെ അർജന്റീനക്ക് മുന്നോട്ടുള്ള നോക്കൗട്ട് പാത ഓരോ സെക്കൻഡിലും ആരാധകരുടെ ശ്വാസം നിർത്തുന്നതായിരുന്നു.
സ്വിറ്റ്സർലൻഡിനെതിരായ പ്രീ-ക്വാർട്ടറിൽ 117 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമും സമനിലയിൽ. ഷൂട്ടൗട്ട് ഒരു ഘട്ടം മുന്നിൽ കണ്ട് സ്വിസ് ടീം കളിക്കുകയാണ്. പക്ഷേ അതിനിടയിൽ ഒരു എൻട്രി. ഡിഫൻഡർമാർ ചുറ്റും കൂടിയിട്ടും ആ നൃത്തം ചെയ്യുന്ന കാലുകളെ അളക്കാൻ അവർക്കായില്ല. മെസ്സി പന്ത് ഡി മരിയക്ക് നീട്ടി ഡി മരിയ സ്കോർ ചെയ്തു.
ക്വാർട്ടർ ഫൈനലിൽ അർജന്റീന ഏറ്റുമുട്ടിയത് ഈഡൻ ഹസാർഡും വിൻസന്റ് കോമ്പനിയുമുള്ള ബെൽജിയത്തെ ആ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിൽ ഒന്ന്. 8-ആം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ ഗോൾ നേടി. പിന്നീട് ഹവ്യേർ മഷ്ചറാനോ ഒരു കോട്ടകെട്ടി നിന്നു. ഒടുക്കം ആ ഒരൊറ്റ ഗോളിന്റെ ബലത്തിൽ 24 വർഷങ്ങൾക്ക് ശേഷം അർജന്റീന സെമി ഫൈനലിലേക്ക്.
സെമിഫൈനലിൽ ആര്യൻ റോബനും വാൻ പേഴ്സിയുമുള്ള ഡച്ചുപടയെ കടുത്ത ഫിസിക്കൽ ഗെയിമിലൂടെ ഏറ്റുമുട്ടി. 90-ആം മിനിറ്റിൽ ആര്യൻ റോബൻ അർജന്റീൻ ബോക്സിലേക്ക് ഇരച്ചുകയറിയപ്പോൾ ആരാധകരുടെ നെഞ്ചൊന്ന് കുലുങ്ങി. പക്ഷേ കണ്ണ് തെറ്റാതെ ഒരാൾ മാത്രം ഉണ്ടായിരുന്നു സ്വന്തം ശരീരം ഒരു മതിൽ പോലെ എറിഞ്ഞ ഹവ്യേർ മഷ്ചറാനോ. ഒടുക്കം ഷൂട്ടൗട്ടിൽ ഗോൾകീപ്പർ സെർഹിയോ റൊമേറോ ഡച്ചുകളുടെ കിക്കുകൾ ഒരു പൂച്ചയെ പോലെ തട്ടിയകറ്റി. അവസാനകിക്ക് മാക്സി റോഡ്രിഗ്സ് വലയിലാക്കി. ടെലിവിഷൻ യുഗത്തിന് ശേഷം അർജന്റീനയുടെ ആദ്യ ഫൈനൽ.
ജൂലൈ 13, ഫൈനൽ. വിഖ്യാതമായ മാരക്കാനെ സ്റ്റേഡിയം ഒരുങ്ങി. ജർമനിയും കുന്നോളം പ്രതീക്ഷകളുമായി അർജന്റീനയും നേർക്കുനേർ. 21-ആം മിനിറ്റിൽ ടോണി ക്രൂസിന്റെ അബദ്ധത്തിൽ ഗോൺസാലോ ഹിഗ്വെയ്നിന് ഒരു സുവർണ്ണാവസരം. ജർമൻ കീപ്പർ മാനുവൽ നോയർ മാത്രം മുന്നിൽ. പക്ഷേ ഹിഗ്വെയ്ൻ അത് തെറ്റിച്ചു സ്റ്റേഡിയം ഒന്നടങ്കം തലയിൽ കൈവെച്ചുപോയി.
ഒടുക്കം മത്സരം അധിക സമയത്തേക്ക്. എക്സ്ട്ര ടൈമിന്റെ 113-ആം മിനിറ്റ്. ആൻഡ്രേ ഷൂർലെയുടെ ക്രോസ് സ്വീകരിച്ച് ജർമനിയുടെ പകരക്കാരൻ മാരിയോ ഗോഡ്സെ തൊടുത്ത ക്ലിനിക്കൽ വോളി അർജന്റീന വലയിൽ ആഞ്ഞുതറഞ്ഞു. ഗെയിം ഓവർ.
ലോകമാകെയുള്ള അർജന്റീന ആരാധകർക്ക് ഒരു കഠാരി കുത്തിയ വേദന. ജർമനി ആനന്ദ നൃത്തം ചവിട്ടുമ്പോൾ ക്യാമറ കണ്ണുകൾ പാപഭാരത്തോടെ നിൽക്കുന്ന മെസ്സിയുടെ മുഖത്തേക്ക് നീണ്ടു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കൈകളിലേന്തി, സ്വർണ്ണക്കിരീടത്തിന് തൊട്ടരികിലൂടെ, അതീവ ദുഃഖത്തോടെ തലകുനിച്ച് നടന്നുപോകുന്ന മെസ്സിയുടെ ആ ചിത്രം ഐക്കോണിക് ആയി മാറി. കിരീടമില്ലാത്ത രാജാവായാണ് മെസ്സി ആ ദിവസം മാരക്കാനയുടെ പടവുകൾ ഇറങ്ങിപ്പോയത്.
ജർമൻ ജയം: ഒരു പുനരുദ്ധാരണം
ജർമൻ പടക്ക് ഇത് ഒരു വീണ്ടെടുപ്പിന്റെ കാലമായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഫിലിപ്പ് ലാം. മധ്യനിരയിൽ പന്തുകൾ നൂലിൽ കോർത്തതുപോലെ പാസ് ചെയ്ത ടോണി ക്രൂസും ബസ്റ്റ്യൻ ഷ്വൈൻഷ്റ്റൈഗറും മെസ്സൂട്ട് ഒസിലും. ഗോൾ തേടി വട്ടമിട്ട് പറക്കുന്ന തോമസ് മ്യൂളറും മിറോസ്ലാവ് ക്ലോസേയും. അവർക്ക് മുന്നിൽ ഒരു പ്രതിരോധ കോട്ടയായ ജെറോം ബോആടെങ്ങും മാറ്റ്സ് ഹൂമൽസും. ഗോൾ വലക്ക് മുന്നിൽ സാക്ഷാൽ മാനുവൽ നോയർ. ആകെ മൊത്തം ഒരു ജർമൻ മെഷീൻ.
2014 ബ്രസീൽ ലോകകപ്പ് നമുക്ക് സമ്മാനിച്ചത് ജർമനിയുടെ ക്ലിനിക്കൽ ഫുട്ബോളും, നെയ്മറിന്റെ പരിക്കിന്റെ വേദനയും, ബ്രസീലിന്റെ കണ്ണീരും, മെസ്സിയുടെ നോവുമാണ്. കാലം എത്ര മാറിയാലും, നമ്മുടെ യൗവനത്തെയും കൗമാരത്തെയും പ്രണയഭരിതമാക്കിയ ആ ബ്രസീൽ ലോകകപ്പിന്റെ ഓർമ്മകൾ മാരക്കാനയിലെ സ്വർണ്ണ സൂര്യാസ്തമനത്തിന്റെ ഭംഗിയോടെ നമ്മുടെ മനസ്സുകളിൽ ഉണ്ടാകും.

Post a Comment