വർഷം 2010. ഇൻസ്റ്റഗ്രാം റീലുകളോ സ്റ്റാറ്റസുകളോ ഇല്ലാതിരുന്ന കാലം. ഓർക്കുട്ടും ഫേസ്ബുക്കും ഏതാനും പേർ മാത്രം ഉപയോഗിക്കുന്നുണ്ട്. നോക്കിയ ഫോണുകൾ തന്നെയാണ് അന്നും ട്രെൻഡിങ്. പക്ഷേ ലോകകപ്പ് ആവേശത്തിന് കുറവൊന്നുമില്ലായിരുന്നു.

അർജന്റീനയുടെ നീലയും വെള്ളയും കൊടികൾ ഒരു വശത്ത്, ദുംഗയുടെ കനാറി പടയുടെ മഞ്ഞക്കൊടികൾ മറുവശത്ത്. ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ്. എല്ലാവരുടെയും കൊടികളും ഉണ്ടായിരുന്നു. ലയണൽ മെസ്സി സൂപ്പർ താര പദവിയിൽ എത്തിയ ശേഷമുള്ള ആദ്യ ലോകകപ്പ് ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ അർജന്റീന ഫ്ലക്സുകളിൽ മെസ്സി തന്നെ ഹൈലൈറ്റ്. മറുവശത്ത് ബ്രസീൽ ബോർഡുകളിൽ നിറഞ്ഞുനിന്നത് കക്ക. "ആയിരം ആയിരം മെസ്സിക്ക് ഒരു കക്ക" പോലെയുള്ള വാചകങ്ങൾ കേരളത്തിലെ തെരുവുകളിൽ നിറഞ്ഞ കാലം.

ആ ലോകകപ്പിന് മുന്നോടിയായി ഒരു ഗാനം പുറത്തിറങ്ങി. ലോക സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്ന്. കൂടുതൽ പരിചയപ്പെടുത്തലുകൾ വേണ്ടാത്ത "വക്കാ വക്കാ (ദിസ് ടൈം ഫോർ ആഫ്രിക്ക)". ഇന്റർനെറ്റ് ഇത്രയും സജീവമാകാത്ത കാലമായിട്ടും ലോകത്ത് ആകമാനം കാട്ടുതീ പോലെ പടർന്ന ഗാനം. കൊളംബിയൻ പോപ്പ് ഗായിക ഷക്കീറ ആയിരുന്നു ആ ഗാനത്തിന്റെ മുഖം. പോപ്പ് സംഗീതത്തോടൊപ്പം ആഫ്രിക്കൻ കലാകാരന്മാരും വാദ്യോപകരണങ്ങളും ഈ ഗാനത്തെ വേറിട്ടതാക്കി. ആഫ്രിക്കയിൽ പണ്ടേ പ്രശസ്തമായ ഒരു പട്ടാളപ്പാട്ടിൽ നിന്നാണ് "വക്കാ വക്കാ" എന്ന വരികൾ കടമെടുത്തത്. വക്കാ വക്കക്കൊപ്പം ജബുലാനിയും വുവുസേലയും വാർത്തകളിൽ നിറഞ്ഞ കാലം. ആഫ്രിക്കൻ മണ്ണിൽ ജബുലാനി പന്ത് ഉരുണ്ട, നമ്മുടെയൊക്കെ കൗമാരത്തെയും യൗവ്വനത്തെയും മനോഹരമാക്കിയ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

തലമുറ മാറ്റം : പുതിയ ഫുട്ബോളിന്റെ ഉദയം

2006 ലോകകപ്പിൽ നിന്ന് 2010ൽ എത്തിയപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിനെ ഭരിച്ച പല മുഖങ്ങളും കാണാതായി. ഫ്രാൻസിൽ സിദാൻ ഇല്ല. ബ്രസീലിൽ റൊണാൾഡോയും റൊണാൾദീഞ്ഞോയും കാർലോസും ഇല്ല. പോർച്ചുഗലിൽ ഫിഗോ ഇല്ല. ഇംഗ്ലണ്ടിൽ ബെക്കാം ഇല്ല. ഓരോ ടീമിലും തലമുറ മാറ്റത്തിന്റെ സമയം. ഫുട്ബോളിന്റെ ഭ്രമണപഥം ലയണൽ മെസ്സിയിലേക്കും ക്രിസ്ത്യാനോ റൊണാൾഡോയിലേക്കും വെയ്ൻ റൂണിയിലേക്കും തിരിയുന്ന കാലം.

ആഫ്രിക്ക ആദ്യമായാണ് അന്ന് ലോകകപ്പിന് വേദിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്യൻ മാധ്യമങ്ങൾ വംശീയ മുൻവിധിയോടെ ലോകകപ്പിനെ റിപ്പോർട്ട് ചെയ്തു എന്ന വിമർശനമുണ്ട്. സംഘടനത്തിലെ ചെറിയ പാളിച്ചകൾ പോലും ആഘോഷമാക്കി, ദക്ഷിണാഫ്രിക്കയിലെ കുറ്റകൃത്യങ്ങൾ പെരുപ്പിച്ച് കാണിച്ചു എന്നൊക്കെ വിമർശനങ്ങൾ ഉയർന്നു. അങ്ങനെ കാത്തിരിപ്പിനൊടുക്കം ജോഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് ഒരുങ്ങി. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടി.

സിഫിവെ ശബലാല എന്ന പേര് അധികമാരും മറക്കാനിടയില്ല. ആ ഇടങ്കാലൻ വെടിയുണ്ടക്ക് കമന്റേറ്റർ പീറ്റർ ഡ്രൂറി നൽകിയ ആ വാക്കുകൾ ഇന്നും വൈറൽ ആണ്. "Goal for South Africa! Goal for all Africa!" വിഖ്യാത കമന്റേറ്ററായ പീറ്റർ ഡ്രൂറി തന്റെ ഏറ്റവും പ്രിയപ്പെട്ട കമന്ററിയായി ഓർത്തെടുക്കുന്നതും ഇതുതന്നെ.

ആ ലോകകപ്പ് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക രണ്ട് കാര്യങ്ങളാണ്. ഒന്ന്, 120 ഡെസിബൽ വരെ ശബ്ദമുണ്ടാക്കിയ വുവുസേല പൈപ്പുകൾ. മറ്റൊന്ന്, കാറ്റിനൊപ്പം കറങ്ങിത്തിരിഞ്ഞ് ഗോൾകീപ്പർമാരുടെ പേടിസ്വപ്നമായ അഡിഡാസിന്റെ ജബുലാനി പന്ത്. രണ്ടിനെതിരെയും അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഗ്രൂപ്പ് ഘട്ടം : അട്ടിമറികളുടെ ഉത്സവം

ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഫുട്ബോളിന് നൽകിയത് വൻ ഞെട്ടലുകൾ ആയിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ചിലത് നമ്മൾ അന്ന് കണ്ടു. ചാമ്പ്യന്മാരെന്ന പകിട്ടിൽ എത്തിയ ഇറ്റലി ഒരു മത്സരം പോലും ജയിക്കാനാകാതെ ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനക്കാരായി പുറത്തായി. പരഗ്വായിനോടും ന്യൂസിലൻഡിനോടും സമനിലയിൽ കുരുങ്ങിയ അവർ സ്ലൊവാക്കിയയോട് 3–2ന് തോറ്റ് മടങ്ങി. 2006ലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസിന്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. പരസ്പരം പോരടിച്ചും തോറ്റും അവർ ഗ്രൂപ്പിൽ നാണം കെട്ടു. കളിക്കളത്തിലെ മോശം പ്രകടനത്തോടൊപ്പം കളത്തിന് പുറത്തെ ഗ്രൂപ്പിസം കൊണ്ടും ഫ്രാൻസ് വാർത്തകളിൽ നിറഞ്ഞു.

അതേ സമയം ന്യൂസിലൻഡ് എന്ന കുഞ്ഞൻ ടീം കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിലാക്കി. ആ ടൂർണമെന്റിലെ ഒരേയൊരു അൺബീറ്റൻ ടീം ന്യൂസിലൻഡ് ആയിരുന്നു. എന്നിട്ടും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഈ അട്ടിമറികളെല്ലാം കൃത്യമായി പ്രവചിക്കാൻ അന്ന് ജർമനിയിലെ ഒരു അക്വേറിയത്തിൽ ഒരാൾ ഉണ്ടായിരുന്നു. പോൾ ദ ഒക്ടോപസ്. ജർമനിയുടെ മത്സരങ്ങളും സ്പെയിനിന്റെ വിജയവും എല്ലാം കൃത്യമായി പ്രവചിച്ച് വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചു.

അർജന്റീന : മറഡോണയുടെ കോച്ചിങ് പരീക്ഷണം

മലയാളികൾക്ക് ലോകകപ്പ് എന്നാൽ അർജന്റീന-ബ്രസീൽ യുദ്ധം കൂടിയായിരുന്നു. കേരളത്തിലെ കവലകളിൽ കൊടിപ്പോർ നടന്ന കാലം. ഒരു വശത്ത് സാക്ഷാൽ ദിയേഗോ മറഡോണ പരിശീലകനായി എത്തിയ അർജന്റീന. പക്ഷേ ഒരു കോച്ച് എന്ന നിലയിൽ മറഡോണ ദയനീയ പരാജയമായിരുന്നു. കളിക്കാരെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ആവേശം നൽകുന്ന ഒരു പ്രേരകൻ മാത്രമായിരുന്നു അദ്ദേഹം.

ലയണൽ മെസ്സി തന്റെ കരിയറിന്റെ പീക്ക് ഫോമിൽ നിൽക്കുന്ന കാലമായിരുന്നു 2010. എന്നാൽ ബാഴ്സലോണയിൽ പെപ് ഗ്വർദിയോള മെസ്സിയെ ഉപയോഗിക്കുന്നതുപോലെ ഒരു ഫ്രീ റോൾ നൽകാൻ മറഡോണക്കായില്ല. മെസ്സിയെ പ്ലേ മേക്കർ സ്ഥാനത്ത് നിന്ന് വളരെ പിന്നിലേക്ക് ഇറക്കിയതിനാൽ ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാൻ മെസ്സിക്കായില്ല. ഡ്രിബ്ലിങ്ങിലൂടെയും അസിസ്റ്റുകളിലൂടെയും തിളങ്ങിയെങ്കിലും മെസ്സിക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. മുന്നേറ്റ നിരയിൽ ഹിഗ്വെയ്നും ടേവസും തകർത്താടി. ദക്ഷിണ കൊറിയക്കെതിരെ ഹിഗ്വെയ്ൻ ഹാട്ട്രിക് നേടി.

ഗ്രൂപ്പും പ്രീ-ക്വാർട്ടറും ഈസിയായി കടന്ന അർജന്റീനക്ക് ക്വാർട്ടറിലാണ് കടുത്ത എതിരാളിയെ കിട്ടിയത്. മ്യൂളറും ഒസിലും ക്ലോസേയും അണിനിരന്ന ജർമനി. എതിരില്ലാത്ത നാല് ഗോളുകൾക്ക് ജർമനി അർജന്റീനയെ നാട്ടിലേക്ക് അയച്ചു.

ബ്രസീൽ : കക്കയുടെ കൊടി, ദുംഗയുടെ തന്ത്രം

മറുവശത്ത് ബ്രസീലിനും ഓർക്കാൻ ഇഷ്ടമുള്ള ലോകകപ്പ് ആയിരുന്നില്ല 2010. പ്രതിരോധത്തിന് ഊന്നൽ നൽകിയ കടുത്ത കൗണ്ടർ അറ്റാക്കിങ് ശൈലിയിലായിരുന്നു ദുംഗ ടീമിനെ വാർത്തെടുത്തത്. ബേഴ്സ് വിട്ട് എസി മിലാനിലേക്ക് പോയ റൊണാൾദീഞ്ഞോയെ ദുംഗ പുറത്തിരുത്തി. അന്ന് സന്റോസിൽ വരവറിയിക്കുന്ന നെയ്മറിനും ടീമിൽ ഇടം കൊടുത്തില്ല. കക്കയെ ചുറ്റിപ്പറ്റിയായിരുന്നു ബ്രസീൽ ടീം.

ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ആധികാരികമായിരുന്നില്ല. ദുർബലരായ ഉത്തര കൊറിയക്കെതിരെ പോലും ബ്രസീൽ വിറച്ചു. ആ മത്സരത്തിൽ മൈക്കോൺ നേടിയ ഒരു സീറോ ആംഗിൾ വണ്ടർ ഗോൾ പലർക്കും ഓർമ്മ ഉണ്ടാകും. ബ്രസീലും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടി; ആ മത്സരം ഗോൾ ലഹിതമായ സമനിലയിൽ അവസാനിച്ചു. പ്രീ-ക്വാർട്ടറിൽ ചിലിയെ തകർത്ത ബ്രസീലിന് ക്വാർട്ടറിൽ നേരിടേണ്ടി വന്നത് കരുത്തരായ നെതർലൻഡ്സിനെ. ആദ്യം ഗോൾ നേടിയിട്ടും 2–1ന് ബ്രസീൽ തോറ്റു. വെസ്ലി സ്നൈഡർ ആയിരുന്നു ഡച്ചുപടയെ നയിച്ചത്. മത്സരത്തിൽ ആര്യൻ റോബനെ ചവിട്ടി ഫിലിപ്പ് മേലോ ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് നടന്നു.

ക്രിസ്ത്യാനോ തിളക്കത്തിൽ വന്ന പോർച്ചുഗലിന്റെ കുതിപ്പ് പ്രീ-ക്വാർട്ടറിൽ സ്പെയിന് മുന്നിൽ തീർന്നുപോയി.

ഇംഗ്ലണ്ട് vs ജർമനി : ഗോൾ ലൈൻ വിവാദം

വിവാദങ്ങൾക്ക് ഒരു കുറവുമില്ലാത്ത ലോകകപ്പ് ആയിരുന്നു അത്. പ്രീ-ക്വാർട്ടറിലെ ഇംഗ്ലണ്ട്-ജർമനി പോരാട്ടം ഇന്നും ചർച്ചാ വിഷയമാണ്. ജർമനി 2–1ന് മുന്നിൽ; 38-ആം മിനിറ്റ്. ഇംഗ്ലണ്ട് തിരിച്ചുവരവ് ശ്രമത്തിലാണ്. അതിനിടയിലാണ് ഫ്രാങ്ക് ലാംപാർഡ് ഒരു ലോങ് റേഞ്ചർ പൊട്ടിക്കുന്നത്. ജർമൻ കീപ്പർ മാനുവൽ നോയറെ മറികടന്ന് ക്രോസ് ബാറിൽ ഇടിച്ച ആ പന്ത് ഗോൾ ലൈനിൽ നിന്ന് രണ്ടടി ഉള്ളിൽ വീണ് തിരിച്ചുപോന്നു. നോയർ ഒന്നും അറിയാത്ത മട്ടിൽ പന്ത് കൈകളിലെടുത്ത് നിന്നു. ഇംഗ്ലീഷ് താരങ്ങൾ ഗോൾ ആണെന്ന് വാദിച്ചെങ്കിലും റഫറിയും ലൈൻസ്മാനും അനുവദിച്ചില്ല. ടിവി റിപ്ലേകളിൽ അത് ഗോൾ ആണെന്ന് വ്യക്തം. പിന്നാലെ രണ്ട് ഗോളുകൾ കൂടി അടിച്ച ജർമനി 4–1ന് മത്സരം സീൽ ചെയ്തു; വിവാദങ്ങൾ കത്തിപ്പടർന്നു. ഗോൾ ലൈൻ ടെക്നോളജി എന്ന പുതിയ നിയമം ഫുട്ബോളിൽ പിറവിയെടുക്കുന്നതും ഇവിടെ നിന്നായിരുന്നു.

ഘാന vs ഉറുഗ്വായ് : ഒരു ഭൂഖണ്ഡത്തിന്റെ കണ്ണീർ

ടൂർണമെന്റിലെ ഏറ്റവും നാടകീയ മത്സരം കണ്ടത് ക്വാർട്ടർ ഫൈനലിലാണ്. ഘാനയും ഉറുഗ്വായും തമ്മിൽ. ഒരു ആഫ്രിക്കൻ രാജ്യം ഒരിക്കലും ലോകകപ്പ് സെമിയിൽ എത്തിയിട്ടില്ല. ആഫ്രിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ ഒരു വൻകര ഒന്നാകെ ഘാനക്കൊപ്പമുണ്ട്. ചരിത്രം കുറിക്കാൻ ഒരൊറ്റ ഗോൾ മതി.

മത്സരം എക്സ്ട്ര ടൈമിന്റെ അവസാന മിനിറ്റിൽ. ഘാനയുടെ ഡൊമിനിക് അഡിയൈഹ്യയുടെ ഹെഡർ ഉറുഗ്വായ് വലയിലേക്ക്. സ്റ്റേഡിയം ഒന്നാകെ "ഗോൾ" എന്ന് നിലവിളിച്ച നിമിഷം. പക്ഷേ അവിടെ ഒരു നടുക്കുന്ന കാഴ്ച. ഗോൾ ലൈനിൽ കാവൽ നിന്ന ലൂയിസ് സുവാരസ് ഒരു വോളിബോൾ കളിക്കാരനെ പോലെ രണ്ടു കൈകൾ കൊണ്ടും ആ പന്ത് തട്ടിയകറ്റി. സുവാരസ് ചുവപ്പ് കാർഡ് കണ്ടു. ഘാനക്ക് പെനൽറ്റി.

ഘാനയുടെ ഹീറോ അസമോ ഗ്യാൻ പെനൽറ്റി കൊടുക്കാൻ വന്നുനിന്നു. ഗോളായാൽ സെമി ഉറപ്പ്. പക്ഷേ ആ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് പുറത്തേക്ക്. ടണലിൽ ഇത് കണ്ട് ആഹ്ലാദത്തിൽ തുള്ളിച്ചാടിയ സുവാരസിന്റെ മുഖം ഇന്നും ഘാനക്കാരുടെ നെഞ്ചിൽ മുറിവാണ്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചുകയറിയപ്പോൾ ഒരു ഭൂഖണ്ഡത്തിന്റെ സ്വപ്നങ്ങൾ ഒന്നാകെ പൊലിഞ്ഞുപോയി.

സുവാരസ് വില്ലനായി നിൽക്കുന്നതിനിടയിൽ ഫുട്ബോൾ ലോകത്തിന് മറ്റൊരു ഉറുഗ്വായൻ ഹീറോ കിട്ടി. ദിയേഗോ ഫൊർലാൻ. ജബുലാനിയെ മരക്കാൻ ലോകത്തെ വൻകിട താരങ്ങൾ പാടുപെട്ടപ്പോൾ ഫൊർലാൻ അതിനെ വളച്ചും തിരിച്ചും ഇടിമിന്നലുകൾ പായിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മോശം കാലത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മുന്നിൽ ഫൊർലാൻ വിസ്മയമായി. ലോങ് റേഞ്ചറുകളുടെയും ഫ്രീ കിക്കുകളുടെയും ബലത്തിൽ ഉറുഗ്വായ് സെമി ഉറപ്പിച്ചു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അഞ്ചു ഗോളുകളോടെ ടോപ്പ് സ്കോററും ഫൊർലാൻ സ്വന്തമാക്കി.

സെമിയിൽ ഉറുഗ്വായ് ഏറ്റുമുട്ടിയത് ഡച്ചുപടയോട്. ആ മത്സരത്തിൽ ഡച്ച് ക്യാപ്റ്റൻ ജോവാനി വാൻ ബ്രോങ്ക്ഹൊർസ്ത് 35 മീറ്ററിലേറെ ദൂരെ നിന്ന് ഇടതുകാൽ കൊണ്ട് തൊടുത്ത ഷോട്ടിനെ എങ്ങനെ മറക്കാൻ. 3–2ന് ജയിച്ച് ഹോളണ്ട് ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ഫൈനൽ : ടിക്കി-ടാക്കയുടെ വിജയം

ജൂലൈ 11. സോക്കർ സിറ്റിയിൽ 84,490 ആരാധകർക്ക് മുന്നിൽ ഫൈനൽ പോരാട്ടം ഒരുങ്ങി. യോഹാൻ ക്രൈഫിന്റെ രണ്ട് ഫുട്ബോൾ മക്കൾ നേർക്കുനേർ. ഒരു വശത്ത് മനോഹരമായ ടിക്കി-ടാക്ക ഫുട്ബോളിലൂടെ ലോകം ഭരിക്കാൻ വന്ന സ്പെയിൻ. മറുവശത്ത് ക്രൈഫിന്റെ പാരമ്പര്യം മറന്ന് സ്പെയിനിന്റെ ടിക്കി-ടാക്കയെ തകർക്കാൻ ഉറച്ചിറങ്ങിയ ബെർട്ട് വാൻ മർവൈക്കിന്റെ നെതർലൻഡ്സ്. ഹോളണ്ട് കളിച്ചത് ജയിക്കാനല്ല; സ്പെയിനിന്റെ ടിക്കി-ടാക്കയെ വെട്ടിമുറിക്കാനായിരുന്നു.

ഹോവാർഡ് വെബ് എന്ന റഫറിക്ക് 14 മഞ്ഞക്കാർഡുകളും ഒരു ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്ന ക്രൂരമായ മത്സരം. ഡച്ച് താരം ഡി ജോങ് സ്പാനിഷ് താരം സാബി അലോൺസോയുടെ നെഞ്ചിലേക്ക് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫുട്ബോൾ ലോകത്തെ നാണിപ്പിച്ചു. യോഹാൻ ക്രൈഫ് പോലും ഇതിനെ "വൃത്തികെട്ട, ഹിംസാത്മകമായ ആന്റി-ഫുട്ബോൾ" എന്ന് വിശേഷിപ്പിച്ചു.

പക്ഷേ ഓറഞ്ച് പടക്ക് മത്സരം ജയിക്കാൻ പോന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു. 62-ആം മിനിറ്റിൽ സ്നൈഡറിന്റെ മന്ത്ര പാസിൽ ആര്യൻ റോബന് ഒന്നാന്തരം അവസരം. സ്പാനിഷ് കീപ്പർ ഇക്കർ കാസിയസ് മാത്രം മുന്നിൽ. പക്ഷേ ഗോൾ നിറഞ്ഞ ആ ഷോട്ട് കാസിയസ് നീട്ടിപ്പിടിച്ച കാൽ വിരലുകളിൽ തട്ടി തെറിച്ചു. 109-ആം മിനിറ്റിൽ ജോൺ ഹൈറ്റിൻഗ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ ഹോളണ്ട് പൂർണമായും പ്രതിരോധത്തിലായി.

ഒടുക്കം കാത്തിരിപ്പിന് അറുതിയായി. 116-ആം മിനിറ്റിൽ ആന്ദ്രേസ് ഇനിയസ്തയിലൂടെ സ്പാനിഷ് വസന്തം പൂത്തുലഞ്ഞു. വിൻസെന്റ് ഡൽ ബോസ്ക്കേയുടെ സ്പെയിൻ ടിക്കി-ടാക്കയിലൂടെ ഫുട്ബോൾ ലോകത്ത് ഒരു പുതിയ സുവിശേഷം രചിക്കുകയായിരുന്നു. ശാവി ഹെർണാണ്ടസും ആന്ദ്രേസ് ഇനിയസ്തയും സർജിയോ ബൂസ്ക്വെറ്റ്സും ചേർന്ന് മധ്യനിരയിൽ തീർത്ത പാസിങ് കോട്ടയിൽ എതിരാളികൾ പന്ത് കാണാതെ വട്ടം കറങ്ങി.

ഓർക്കാൻ ഒരുപാടുണ്ടെങ്കിലും 2010 ലോകകപ്പ് നെഗറ്റീവ് ഫുട്ബോളിന്റെ കൂടി ഉത്സവമായിരുന്നു. സുന്ദര ഫുട്ബോളിന് പേരുകേട്ട ബ്രസീലും നെതർലൻഡ്സും ദയനീയമായി നിരാശപ്പെടുത്തി. ചാമ്പ്യന്മാരായ സ്പെയിൻ ടൂർണമെന്റിൽ ആകെ നേടിയത് എട്ട് ഗോളുകൾ മാത്രം. എങ്കിലും ആ ലോകകപ്പ്. വക്കാ വക്കയുടെ താളവും ജബുലാനിയുടെ ഭ്രമവും സുവാരസിന്റെ കൈയ്യും ഫൊർലാന്റെ മിന്നലുകളും. ഒരു തലമുറയുടെ ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്നു.

Post a Comment

Previous Post Next Post